തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്.
വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങി കൊണ്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനംവകുപ്പ് ആണ് ആദ്യം പുറത്തുവിട്ടത്. ഇതില്‍ വിവിധ വകുപ്പുകളില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒടുവില്‍ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്.
ജീവനക്കാരുടെ പേരുകള്‍ സഹിതമുള്ള പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. ആരോഗ്യവകുപ്പില്‍ താഴെക്കിടയിലെ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്. ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്,യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്.
Welfare pension fraud; Ad.Chief Secretary says strict action against 373 health department employees